തിരുവനന്തപുരം: നീഷ്‌മയുടെ നാടോടിനൃത്തം വേദിയിൽ പുരോഗമിക്കുമ്പോൾ നീഷ്‌മയുടെ ശബ്ദവും ശക്തിയും സ്മാർറ്റീന എന്ന സ്വന്തം അധ്യാപികയിൽ തെളിഞ്ഞ് കാണാം. ജന്മനാ കേൾക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള മുപ്പത്തിനാല് വയസ്സുകാരി നീഷ്‌മയിലെ കലാവാസനയെ തിരിച്ചറിഞ്ഞത് ഫിസിയോതെറാപ്പിസ്റ്റായ കാസർഗോഡുകാരി സ്മാർറ്റീനയാണ്.
അവരുടെ നേതൃത്വത്തിൽ തന്നെ പിന്നീട് നൃത്ത പഠനമാരംഭിച്ച് ചെറിയ വേദികളിലൂടെയാണ് നീഷ്‌മ കലാ രംഗത്തേക്ക് കടക്കുന്നത്. വേദിയിൽ നീഷ്‌മ നിറഞ്ഞാടുമ്പോൾ കാഴ്ചക്കാരുടെ ശ്രദ്ധ ഒരേ നിമിഷം അവരിലേക്കും, ഓടിയൻസിന്റെ ഇടയിൽ നിന്ന് നീഷ്മയ്ക്കഭിമുഖമായി നിന്ന് നൃത്തം ചെയ്ത് അവൾക്ക് ആവേശം പകരുന്ന സ്മാർറ്റീനയിലേക്കും മാറുന്നുണ്ട്. ഇങ്ങനെയൊരു വേദിയിൽ ഇത്രയുമാളുകൾക്ക് മുൻപിൽ നിന്ന് നൃത്തം ചെയ്തതിന്റെ ധൈര്യം ഊർജ്ജമാക്കി ഇനിയുള്ള വേദികളിലും നൃത്തച്ചുവടുകളുമായി ഉണ്ടാകും എന്ന ഉറപ്പോടെയാണ് ഇരുവരും വേദി കടന്നത്.