തിരുവനന്തപുരം: സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ തീർത്ഥയുടെ മാജിക് ഷോ ഒരേസമയം കാണികളിൽ ആവേശവും അത്ഭുതവുമുണർത്തി. ഗുരുവായൂരുകാരിയായ തീർത്ഥ കോവിഡ് കാലയളവിലാണ് മാജിക് പഠിച്ച് തുടങ്ങുന്നത്. കോവിഡ് സമയത്ത് എല്ലാവരും വീട്ടിലിരിക്കുന്ന അവസ്ഥയിൽ തീർത്ഥയുടെ അമ്മ ഒരു വിഡിയോയിലൂടെയാണ് പ്രതിഗ്നൻ എന്ന വ്യക്തിയുടെ മാജിക് വീഡിയോ കാണുന്നത്. അങ്ങനെയാണ് തന്റെ മകളെയും മാജിക് പഠിപ്പിക്കണം എന്ന ആഗ്രഹവുമായി അദ്ദേഹത്തെ സമീപിക്കുന്നതും. തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും തീർത്ഥയ്ക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം സമ്മതിക്കുകയാണുണ്ടായത്. പിന്നീട് ഒരു ദിവസത്തെ വളരെ കുറച്ച് പരിശീലനത്തിലൂടെ തന്നെ തീർത്ഥ കാര്യങ്ങൾ പഠിച്ചെടുക്കുന്നത് കണ്ടുകൊണ്ടാണ് ഇത് അവൾക്ക് പറ്റിയ മേഖലയാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. അങ്ങനെ ഹരിദാസ് മാഷിന്റെ കീഴിൽ തുടർച്ചയായി പരിശീലനം നേടുകയും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ച് ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ തീർത്ഥയ്ക്ക് മോഡൽ പരീക്ഷയോടടുപ്പിച്ചാണ് ഈ പരിപാടി എന്നതിൽ ടെൻഷൻ ഉണ്ടായെന്നും അമ്മ പറയുന്നു. പരിപാടിക്ക് വേണ്ടി വേദിയിലിരിക്കുമ്പോഴും തീർത്ഥ പരീക്ഷയ്ക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഠനത്തിലും വേദിയിലും തീർത്ഥ ഒരുപോലെ വിസ്മയങ്ങൾ തീർക്കട്ടെ.