എറണാകുളം: ഹോമിയോപതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിലെ ബാക്ക് ലോഗ് ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ കോടതി ഉത്തരവ്. ഈ തസ്തികയിൽ 1996 മുതലുള്ള ഭിന്നശേഷി ബാക്ക് ലോഗ് ഒഴിവുകൾ കണക്കാക്കി 9 ഒഴിവുകൾ ഒരു മാസത്തിനകം റിപ്പോർട്ട് ചെയ്യുവാൻ കോടതി ഉത്തരവ് ആയി.
ഹോമിയോപതി വകുപ്പിലെ , മെഡിക്കൽ ഓഫീസർ ( ഹോമിയോ) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിന് 1996 മുതൽ നടന്ന നിയമനങ്ങളുടെ 3% ലഭ്യമായില്ല എന്ന് കാണിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ ആണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് .
1996 മുതൽ നടന്ന നിയമനങ്ങൾ കണക്കാക്കണം എന്നും, നിലവിൽ കോടതി കണ്ടെത്തിയ 9 ബാക്ക് ലോഗ് ഒഴിവുകൾ ഒരു മാസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ആയുർവേദ തസ്തികയിൽ മുമ്പ് സമാനമായി 27 ബാക്ക് ലോഗ് ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുവാൻ ഉത്തരവ് ആയിരുന്നു.
ഹോമിയോ ഉദ്യോഗാർഥികൾക്ക് വേണ്ടി എറണാകുളത്ത് മുതിർന്ന അഭിഭാഷകനായ പി.എം പരീതും, ആയുർവേദ ഉദ്യോഗാർത്ഥികൾക്ക് ആയി തിരുവനന്തപുരം കോടതിയിൽ അഡ്വ. വാസുദേവൻ നായർ ബി, അഡ്വ. പ്രവീൺ സി.പി എന്നിവരും ഹാജരായി.