അരുവിക്കര: രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അരുവിക്കര ജി എച്ച് എസ് എസിൽ പുതിയതായി പണിത അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടവും ടോയ്‌ലറ്റ് സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹിക തുല്യത, സമൂഹത്തിന്റെ ആകമാനമുള്ള വികസനം തുടങ്ങി വികസിത രാജ്യങ്ങളുടെ സൂചികകൾ വെച്ചു പരിശോധിച്ചാൽ പോലും കേരള മാതൃകയുടെ തട്ട് ഉയർന്നു തന്നെ നിൽക്കും.
സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ പിന്നീട് ഇങ്ങോട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ പലതരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രീ സ്കൂളിൽ പഠനം ആരംഭിക്കുന്ന കേരളത്തിലെ ഓരോ കുട്ടിയും പന്ത്രണ്ടാം ക്ലാസ്സു വരെ മുടക്കം ഇല്ലാതെ പഠിക്കുന്നു എന്നതു കേരള മാതൃകയുടെ പ്രത്യേകത തന്നെയാണ്. രാജ്യത്ത് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് കെ സിവിൽ വർക്ക് (2020-21) പദ്ധതിയിലുൾപ്പെടുത്തി 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. എസ്പിസി അമിനിറ്റി സെന്റർ ജി. സ്റ്റീഫൻ എം എൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, പൊതു വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.