തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, കാര്‍ക്കിനോസ് ഹോസ്പിറ്റല്‍, അഹലിയ ഐ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.
നൂറ്റി അറുപത്തി രണ്ട് സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ പത്തൊന്‍പത് പേരെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. പരിശോധനയില്‍ നൂറ്റി ഏഴുപേര്‍ക്ക് കണ്ണടകള്‍ ആവശ്യമുള്ളതായി കണ്ടെത്തി. ഫെബ്രുവരി 27ന് നടത്തിയ കണ്ണട വിതരണ ചടങ്ങില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെയും ടെക്നോപാര്‍ക്കിലെയും ജീവനക്കാരും അധികൃതരും പങ്കെടുത്തു. കണ്ണട വിതരണ ചടങ്ങ് ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്തു. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഹരിപ്രസാദ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് ഡയറക്ടര്‍ ദിലീപ് നായര്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.