തിരുവനന്തപുരം: പ്രതിപക്ഷ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഐജിഎസ്ടി വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ അനുവദിക്കണെമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് സംഭവം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത് ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതിയുടെ നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടിയാണ്. അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് റോജി എം ജോണാണ്.
എന്നാൽ, ഇതേ വിഷയം ചർച്ചയിൽ വന്നതാണെന്നും ഇതിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഇതോടെ എതിർപ്പുമായി പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. വിഷയം പുതിയതാണെന്നും വളരെ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുൻപ് ഇതേ വിഷയത്തിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ധനമന്ത്രി ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞു. അടിയന്തിര പ്രമേയ ചർച്ചയെ ഭയപ്പെടുന്ന ഭരണപക്ഷം ഇന്നലെ മുതൽ നാണംകെട്ടു നിൽക്കുകയാണെന്ന് പരിഹസിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.