spot_imgspot_img

മുൻ കാമുകൻ  ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ

Date:

spot_img

ബെംഗളൂരു: മുൻ കാമുകനെതിരെ ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് നടി പറയുന്നത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതമാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ കൂടിയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും നടി പറയുന്നു.

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും പൊലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു.

അനിഖയുടെ കുറിപ്പ്

“നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപോലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).

രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.

ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദിലേക്കു മാറുന്നതിനു രണ്ടു ദിവസം മുൻപ്, അയാൾ എന്റെ ഫോൺ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മർദ്ദിച്ചു. സത്യത്തിൽ ഞാൻ തകർന്നുപോയി. ഫോൺ തിരികെ തരാൻ കേണപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാൾ ചെയ്തത്. എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓർക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാൾ ശ്വാസംമുട്ടിച്ചു. തൊണ്ടയിൽനിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാൾ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാൻ കരുതി. അവിടെനിന്ന് എഴുന്നേറ്റ് ഞാൻ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അയാൾ അവിടെയും വന്നു. പുറത്തുപോയി ഫ്ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാൾ നിസഹായനായിരുന്നു. അതോടെ ഞാൻ ബാത്റൂമിൽ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു.

ഞാൻ ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാൾ മർദ്ദിച്ചിരുന്നത്. ഞാൻ കണ്ണാടിയിൽ നോക്കി പൊട്ടിക്കരയുമ്പോൾ, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാൾ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ഞാൻ ശരിക്കും തകർന്നു പോയിരുന്നു. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കിൽ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്നം ഞാൻ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു. ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാൻ കുറേ സമയമെടുത്തു.

പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഈ ലോകം ഇരുൾ മൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളെന്ന് ഞാൻ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാൾ വലുതെന്ന് അവർ എന്നെ പഠിപ്പിച്ചു.

ഞാൻ വളരെ ശുഭപ്രതീക്ഷയുള്ള ആളാണ്.

ദൈവാനുഗ്രഹത്താൽ ഈ വെല്ലുവിളിയെല്ലാം തരണം ചെയ്യാൻ എനിക്കു സാധിച്ചു. ഇത്രയും കാലം ഞാൻ എനിക്ക്, പ്രത്യേകിച്ചും എന്റെ കുടുംബത്തിന് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടില്ല. ആ മോശം കാലത്തിന്റെ ഓർമകളിൽനിന്ന് മോചിതയാകാനെടുത്ത ഒരു മാസക്കാലം, ഇങ്ങനെയൊരാൾക്കൊപ്പം കഴിഞ്ഞതിന് ഞാൻ എന്നോടു തന്നെ സ്വയം ക്ഷമിക്കുക കൂടിയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടതും സഹോദരൻമാരില്ലാത്തതുമാണ് ഇത്തരമൊരു ക്രൂരത ചെയ്യാൻ അയാൾക്ക് ബലമായത്. ഈ ചെറിയ ജീവിതത്തിനിടയിൽ എല്ലാവരോടും ക്ഷമിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. ഞാൻ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും, അയാളോടു ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല. ഞാൻ കർമയിൽ വിശ്വസിക്കുന്നു.

“ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാൻ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാൾ നിലവിൽ ഒളിവിലാണ്. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലാണ് അയാളുള്ളത്. തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാൾ പറഞ്ഞു നടക്കുന്ന നുണകൾ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.

ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ വ്യാപൃതയാണ്’

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp