കഴിഞ്ഞ മുപ്പതു വർഷത്തിൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ എസ് പി വെങ്കിടേഷിന്റെ മാസ്മരികത ഒരിടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ജോ ജോസഫ് സംവിധാനം ചെയ്യുന്ന ” കിട്ടിയാൽ ഊട്ടി ” മ്യൂസിക് വീഡിയോയിലൂടെയാണ് എസ് പി വെങ്കിടേഷിന്റെ തിരിച്ചുവരവ്.
തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസാണ്. കിലുക്കം, വെട്ടം തുടങ്ങിയ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, ഊട്ടിയിലെ ഒരു വിക്ടോറിയൻ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയിൽ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെൺകുട്ടിയെ അഭിനയിപ്പിക്കാൻ പറ്റാതെ രണ്ടു സംവിധാനസഹായികൾ പറഞ്ഞു വിടുന്നിടത്താണ് കിട്ടിയാൽ ഊട്ടി ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്ക് വരുന്ന സംവിധായകൻ, യഥാർത്ഥ നായിക അവളാണന്ന് തെറ്റിദ്ധരിക്കുന്നു.
എന്നാൽ സഹായികൾ തെരഞ്ഞെടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസമാണ് മ്യൂസിക് വീഡിയോയിലൂടെ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മലയാളി മനസ്സുകളിൽ മായാതെ തങ്ങി നിൽക്കുന്ന കിലുക്കത്തിലെ ‘കിട്ടിയാൽ ഊട്ടി’ എന്ന ഡയലോഗ് വീഡിയോയുടെ ടൈറ്റിലായി സ്വീകരിച്ചതിനു പിന്നിൽ കഥയുടെ പശ്ചാത്തലം തന്നെയാണ്. ഒരു വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾക്കു സംഗീതമൊരുക്കിയ എസ് പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഏഴു മിനിറ്റ് ദൈർഘ്യ വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്.
അമര രാജ , ക്ലെയർ സാറ മാർട്ടിൻ ,അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ‘മാണിക്ക മാട്ടരം ‘ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പി ആർ ഓ അജയ് തുണ്ടത്തിൽ.