തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിനു കാരണം പരിശീലകന്‍റെ പിഴവെന്ന് എഫ്ഐആർ. ഗ്ലൈഡിങ് തുടങ്ങി 5-ാം മിനിറ്റിൽ തന്നെ നിയന്ത്രണം നഷ്ടമായിരുന്നുവെന്നും യാത്രക്കാരി അപകട സൂചന നൽകിയിട്ടും തുടർന്നും പറക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
തീർത്തും അലക്ഷ്യമായിട്ടാണ് സന്ദീപ് പാരാഗ്ലൈഡിംഗ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്. പരിശീലകന്‍റെ അലക്ഷ്യമായ പറക്കലാണ് അപകടത്തിന് കാരണം. അടിയന്തരമായി താഴെയിറക്കാന്‍ കോയമ്പത്തൂർ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന്‍ പറക്കൽ തുടർന്നുവെന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡിങ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു. ആശുപത്രി ജീനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.
സംഭവത്തിൽ ഇതുവരെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിങ് ട്രെയിനർ സന്ദീപ്, പാരാഗ്ലൈഡിങ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്.