തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിക്ക് നൽകാനുള്ള തുക സമയബന്ധിതമായി നൽകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം 12000 ടെൺ പാറ കടലിൽ നിക്ഷേപിക്കുന്നുണ്ട്. നിലവിൽ പുലിമുട്ട് നിർമ്മാണം 2235 മീറ്റർ പൂർത്തിയാക്കി. ക്രെയിനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം പൂർത്തിയായി വരികയാണ്. റെയിൽ – റോഡ്, ബ്രേക്ക് വാട്ടർ എന്നിവയുടെ നിർമ്മാണത്തിനും വിജിഎഫിനും ആവശ്യമായ തുക ഹഡ്കോയിൽ നിന്ന് ലോൺ എടുക്കുവാൻ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ലക്ഷ്യമിട്ട പ്രകാരം സെപ്റ്റംബറിൽ തന്നെ തുറമുഖം പ്രവർത്തന ക്ഷമമാക്കുവാൻ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ വിസിൽ എംഡി ഡോ.അദീല അബ്ദുല്ല ഐഎഎസ്, നിർമ്മാണ കമ്പനി സിഇഒ രാജേഷ് ത്സാ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.