തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പരാമർശത്തിൽ അംഗത്തെ വേധനിപ്പിച്ചെന്നും അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി.
ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്.
സമാന്തര സഭ സമ്മേളനം ചേർന്നത് അത്ഭുതമുണ്ടാക്കി. ഇതിൽ മുതിർന്ന നേതാക്കൾ തന്നെ മുന്നിട്ട് നിന്നതും അത്ഭുതമുണ്ടാക്കി. ഇനി ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഈ മാസം 30 വരെ നിയമസഭ സമ്മേളനം തുടരാനാണ് കാര്യോപദേശകയോഗത്തിൽ തീരുമാനിച്ചത്.