ഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇനി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.
മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.
വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.