തിരുവനന്തപുരം: 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരളം വാക്‌സിൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ ബാക്കിയുണ്ട്. അതിന്‍റെ കാലാവധി ഈ മാസം അവസാനിക്കും. ആവശ്യക്കാർ കുറഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും.
വളരെ കുറച്ചു പേർക്കുമാത്രമാണ് നിലവിൽ വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലായി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേരാണ്.
കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന്‍റെ പക്കൽ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.