തിരുവനന്തപുരം: കോടതി വിധിയുടെ മറവിൽ രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം അയോഗ്യത കല്പിച്ച പാർലമെന്ററി സെക്രട്ടറിയറ്റിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ രാജ്യത്തെ ജനാധിപത്യത്തെ കശാപ്പു ചെയ്യാനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നതെന്നും ജനാധിപത്യംസംരക്ഷിക്കാൻ രാജ്യത്തെ മതേതര കക്ഷികൾ ഒന്നിച്ചു പ്രക്ഷോഭത്തിനു തയ്യാറാകണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുന്നതും ശിക്ഷിക്കുന്നതും രാഷ്ട്രീയ പകപോക്കലുകളാണ്. ജനാധിപത്യസംവിധാനത്തിൽ ഇത് പാടില്ലാത്തതാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുന്നില്ലെങ്കിൽ ജനാധിപത്യം അപകടത്തിൽആകുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
എതിർശബ്ദങ്ങളെ ശ്രദ്ധിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്നഒരു മഹത്തായ പാരമ്പര്യം നമ്മുടെ രാജ്യത്തുണ്ടായിരുന്നു. ആരാജ്യത്താണ് ഇന്ന് എതിർശബ്ദങ്ങളെ ഇല്ലായ്മചെയ്യാൻ ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗംചെയ്യുന്ന ഭരണകർത്താക്കൾ ഫാസിസ്റ്റു ചേരിയിൽ രാജ്യത്തെ കൊണ്ടെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.ജനാധിപത്യം ശക്തിപ്പെടുത്തി രാജ്യത്തെ രക്ഷിക്കാനുള്ള ചരിത്രനിയോഗമെറ്റെടുക്കാൻ മതേതര കക്ഷികൾ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.