തിരുവനന്തപുരം: ദേശീയ പാത വികസനം അതിവേഗം മുന്നോട്ട് പോകുന്ന വേളയിൽ ആശങ്കയിൽ പള്ളിപ്പുറം നിവാസികൾ. ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിപ്പുറം മുഴിത്തിരിയാവട്ടം മുതൽ ടെക്നോ സിറ്റിക്ക് സമീപം വരെ ഓടയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ ഈ നിർമ്മിക്കുന്ന ഓട അശാസ്ത്രീയമാണെന്നും ഇത് വെള്ളക്കെട്ട് ഭീഷണിക്ക് ഇടയാകുമെന്ന ആശങ്കയിലാണ് ജനം.ഇതേ തുടർന്ന് സമീപവാസികൾ അണ്ടൂർക്കോണം പഞ്ചായത്തിന് പരാതി നൽകി.
പള്ളിപ്പുറം ഏലയിൽ മഴക്കാലത്ത് നിറയുന്ന വെള്ളം ദിവസങ്ങൾ കൊണ്ടാണ് തോട്ടിലേക്ക് ഒഴുകി പോകുന്നത്. ഇതിന് തടസമായിട്ടാണ് റോഡിന് ഇരുവശത്തും ഓട നിർമ്മാണം നടത്തുന്നതെന്നാണ് ആക്ഷേപം. മാത്രല്ല വയലിലെ വെള്ളം ഒഴുകി പോകുന്നതിന് തടസമായാൽ കൃഷിനാശത്തിനും ഇടയാകുമെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി ജി.ആർ അനിൽ പള്ളിപ്പുറത്തെ സംഭവ സ്ഥലത്ത് എത്തുകയും നാഷണൽ ഹൈവേയുടെ നിർമ്മാണ ഉദ്യോസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.
പള്ളിപ്പുറം ഏല ഉൾപ്പെടുന്ന സമീപ പ്രദേശമായ ഇവിടെ മഴക്കാലത്ത് മല വെള്ള പാച്ചിൽ പോലെ വെള്ളം വന്നിറങ്ങുമെന്നും ഈ സ്ഥലത്ത് ഉണ്ടായിരുന്ന വലിയ നീർച്ചാലുകളും തോടുകളും നികത്തിയാണ് ഓടയുടെ നിർമ്മാണമാണ് നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.
മന്ത്രിക്ക് പുറമെ നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ പ്രകാശ്, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരി, വൈസ് പ്രസിഡന്റ് മാജിത, മറ്റംഗങ്ങളായ സോമൻ,മണിമധു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.