തിരുവനന്തപുരം : പര്‍വതാരോഹകര്‍ക്ക് വഴികാട്ടിയായിരുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെന്റ് ബര്‍ണാഡ്, 55 കിലോമീറ്ററിലധികം വേഗത്തില്‍ കുതിച്ചു പായുന്ന ഇംഗ്ലണ്ടിലെ മുയല്‍വേട്ടക്കാരന്‍ വിപ്പെറ്റ്, വടക്കേഅമേരിക്കയില്‍ നിന്നുള്ള ഭീമന്‍ വളര്‍ത്തുപൂച്ച മെയിന്‍കൂണ്‍, ഒറ്റനോട്ടത്തില്‍ പൂച്ചയാണോ കടുവയാണോ എന്ന് സംശയം തോന്നിപ്പിയ്ക്കുന്ന ബംഗാള്‍ പൂച്ച, പറക്കുന്ന അണ്ണാന്‍….പിന്നെയുമുണ്ട് ലുലു പാല്‍തു ജാന്‍വര്‍ 2023 എന്ന് പേരിട്ട പെറ്റ് കാര്‍ണിവലിലെ കൗതുകകാഴ്ചകള്‍.
സ്വദേശിയും വിദേശിയുമായ പൂച്ചകള്‍, നായകള്‍, കോഴികള്‍, പക്ഷികള്‍ ഉള്‍പ്പെടെ പരിചിതമായതും അപൂര്‍വ്വമായതുമായ വളര്‍ത്തുമൃഗങ്ങളുടെ കാഴ്ചകളാണ് ലുലു മാളിലെ പെറ്റ് കാര്‍ണിവലിനെ ശ്രദ്ധേയമാക്കുന്നത്. മാള്‍ ഓപ്പണ്‍ അരീനയില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു.
മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അതിനോടൊപ്പം തന്നെ ലൈസന്‍സ് എടുത്ത് അവയെ സംരക്ഷിയ്ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പ്രോത്സാഹനം നല്‍കുന്നതാണ് ലുലു പാല്‍തു ജാന്‍വറെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുഴുവന്‍ പെറ്റ് ഷോപ്പുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി വളര്‍ത്തുമൃഗസംരക്ഷണം നിയമാനുസൃതമാക്കാനുള്ള പരിശ്രമങ്ങളുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകുന്നു എന്നും ജെ.ചിഞ്ചുറാണി വ്യക്തമാക്കി. കാര്‍ണിവലിന്‍റെ ഭാഗമായി പെറ്റ് അഡോപ്ഷന്‍ ഡ്രൈവ്, ഫണ്‍ ഡോഗ് ഷോ അടക്കം സംഘടിപ്പിച്ചിട്ടുണ്ട്. അഡോപ്ഷന്‍ ഡ്രൈവില്‍ പങ്കെടുക്കാനായി നിരവധി പേരാണ് നായ്ക്കുട്ടികളും, പൂച്ചക്കുട്ടികളുമായി ആദ്യ ദിനം തന്നെ കാര്‍ണിവലിലെത്തിയെത്.
പൂച്ചകളുടെയും നായകളുടെയും മാത്രം അന്‍പതിലധികം വീതം വ്യത്യസ്ത ഇനങ്ങളാണ് കാര്‍ണിവലിലുള്ളത്. പേര്‍ഷ്യന്‍ പൂച്ച, ചെന്നായകളുടെ രോമരാജിയും കൃഷ്ണമണികളുടെ നിറവ്യത്യാസവുംകൊണ്ട് ആകര്‍ഷകമായ സൈബീരിയന്‍ ഹസ്കി, ഉയരത്തിലും ഭാരത്തിലും കേമനായ ഗ്രേറ്റ് ഡെയിന്‍, അലങ്കാര കോഴികളായ ഫെസന്‍റ്, ബ്രഹ്മ തുടങ്ങി നിരവധി വളര്‍ത്തുമൃഗങ്ങള്‍ ഇതിലുള്‍പ്പെടുന്നു. കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന ഓമനമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും ഏപ്രില്‍ രണ്ട് വരെ നീളുന്ന കാര്‍ണിവലിലുണ്ട്. എം ക്ലബുമായി ചേർന്നാണ് കാർണിവൽ സംഘടിപ്പിച്ചിരിയ്ക്കുന്നത്.