തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സ്മാർട്ട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോർപ്പറേഷൻ പരിധിയിൽ നിലവിൽ നവീകരണപ്രവർത്തികൾ പുരോഗമിക്കുന്ന 13 റോഡുകളിൽ എട്ടെണ്ണം പൂർത്തിയായി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓടകളുടെയും ഭൂഗർഭ ഓവുകളുടെയും നിർമാണങ്ങളും ജലവിതരണ പൈപ്പ്, വൈദ്യുത കേബിളുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള പണികളും പൂർത്തിയായി. ഫോർട്ട് പ്രദേശത്തെ റോഡുകൾ ഒരാഴ്ചക്കുള്ളിൽ സഞ്ചാരയോഗ്യമാകും. ടൈൽപാകൽ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. തമിഴ് സ്‌കൂൾ, താലൂക്ക് ഓഫീസ് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ജൂൺ അവസാനത്തോടെ പൂർത്തിയാക്കും. വാട്ടർ അതോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശ്രീമൂലം, മാതൃഭൂമി റോഡുകൾ ജൂലൈ മാസത്തോടെയും കൊത്തളം – ശ്രീവരാഹം റോഡിൽ സീവറേജ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ആഗസ്റ്റ് മാസത്തോടെയും പൂർത്തിയാകും.
പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡിന്റെ സഹായത്തോടെ നിർമാണ പ്രവർത്തികൾ നടക്കുന്ന 13 റോഡുകളാണുള്ളത്. ഇതിൽ മാനവീയം റോഡ്, കലാഭവൻ മണി റോഡ് എന്നിവ ജൂൺ അവസാനത്തോടെ പൂർത്തിയാക്കും. ബാക്കിയുള്ള 11 റോഡുകളിൽ പാച്ച് വർക്ക് പ്രവർത്തികൾ കെആർഎഫബിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ് ജൂൺ അവസാനത്തോടെ പൂർത്തിയാകും.
യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ഡെപ്യൂട്ടി മേയർ പി കെ രാജു, സ്മാർട്ട് സിറ്റി സി.ഇ.ഒ, കെആർഎഫ്ബി സി.ഇ.ഒ, പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.