തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി.
വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് പരിശോധന പൂർത്തിയാക്കാൻ കലക്റ്ററേറ്റിലെത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. മോക്ക് പോൾ കൂടി നടത്തിയാണ് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക.
‘മോദി’ പരാമർശത്തിന്‍റെ പേരിൽ രണ്ടു വർഷം തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനാലാണ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദായത്. ഇതിനെതിരേ നൽകിയ അപ്പീൽ പരിഗണനയിലാണെങ്കിലും, ഉത്തരവിനു സ്റ്റേ അനുവദിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി മാറുന്നത്.