തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ വിജിലന്‍സ്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. 3 കോര്‍പ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ല/ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ആകെ 46 സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ 6 ന് മിന്നല്‍ പരിശോധന നടന്നത്. സംസ്ഥാനത്ത് തദ്ദേശ പൊതു സര്‍വ്വീസ് രൂപീകൃതമായ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ നേമം സോണൽ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. കെട്ടിട നമ്പർ അനുവദിച്ച ഫയലുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ KMBR ലംഘനം മറച്ചുവച്ച് കൊണ്ട് തെറ്റായ റിപ്പോർട്ട് നൽകി ഒക്കുപൻസി സർട്ടിഫിക്കറ്റുകൾ നൽകിയതായി ബോദ്ധ്യപ്പെട്ടു. ഇപ്രകാരം തെറ്റായ റിപ്പോർട്ട് സമർപ്പിച്ച രണ്ട് ഓവർസീയർമാരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
നേമം ഓഫീസില്‍ തന്നെ മറ്റു് രണ്ടു ഫയലുകളിൽ നേരിട്ട് സ്ഥല പരിശോധന നടത്തിയപ്പോൾ KMBR ചട്ടലംഘനമുള്ള 2 കെട്ടിടങ്ങൾക്ക് KMBR പാലിച്ചത് സംബന്ധിച്ച് ഓവർസീയറുടെ റിപ്പോർട്ട് ഇല്ലാതെ 300 m2 വരെയുള്ള കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിന് ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഓഫിസിൽ ഉണ്ടായിരിക്കെ, ഇയാളെ മറികടന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടു. ഇതിനു ഉത്തരവാദിയായ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിൽ 2881 ലൈസൻസിനുള്ള അപേക്ഷകൾ പെന്റിംഗ് ആണെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിട്ടില്ല. ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ഉത്തരവാദിയായ പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തിയിരുന്നു. ചട്ടപ്രകാരം സൂക്ഷിക്കേണ്ട പേഴ്‌സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ, തുടങ്ങിയവയൊന്നും യഥാവിധി പാലിച്ചിട്ടില്ല. കെട്ടിട നിർമ്മാണ അനുമതി, ഒക്കുപ്പൻസി, കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളിന്മേൽ യഥാസമയം നടപടിയെടുക്കാതെ ധാരാളം ഫയലുകൾ സെക്ഷനുകളിൽ സൂക്ഷിക്കുന്നതായും പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമ്മാണ അനുമതിയടക്കമുള്ള അപേക്ഷകളിൽ യഥാസമയം നടപടി കൈക്കൊള്ളാതിരിക്കുന്നതു വഴി പൊതുജനങ്ങൾക്ക് യഥാസമയം സേവനം ലഭിക്കുന്നില്ലാത്ത അവസ്ഥയുണ്ട്. പഞ്ചായത്ത് ഓഫീസിലെ ഭരണ നിര്‍വഹണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഹെഡ് ക്ലർക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർക്ക് യഥാസമയം നിർദ്ദേശം നൽകുന്നതിലും പെന്റിങ് ഫയലുകൾ തീർക്കുന്നതിലും ഹെഡ് ക്ലാർക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുള്ളതിനാൽ ഹെഡ് ക്ലാർക്കിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ ഹാജര്‍നില, കെട്ടിട നിര്‍മ്മാണ അനുമതി/നമ്പര്‍ അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിന്‍മേലുള്ള കാലതാമസം എന്നിവയെ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന നടന്ന സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഒക്യുപെന്‍സി നല്‍കുന്നതില്‍ ചട്ട ലംഘനങ്ങളും കാലതാമസവും കണ്ടെത്തി . മുന്‍ഗണനാക്രമം തെറ്റിച്ച് അപേക്ഷകളില്‍ നടപടി എടുക്കുന്നതും ഓണ്‍ലൈന്‍ ആയി അപേക്ഷ കൈകാര്യം ചെയ്യേണ്ടതിന് പകരം അപേക്ഷ നേരിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ സെറ്റ് ബാക്കുകള്‍ ഉണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് എഴുതി കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നേമം സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
പാലക്കാട്, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലൈസന്‍സ് അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലൈസന്‍സുകള്‍ യഥാസമയം നല്‍കാത്ത കേസുകളും നിരവധി സ്ഥാപനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളില്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ILGMS സോഫ്റ്റ് വെയറില്‍ കാലതാമസം വന്ന ഫയലുകള്‍ പ്രത്യേകം പരിശോധന നടത്തി. അകാരണമായി കാലതാമസം വന്ന ഫയലുകളില്‍ അപേക്ഷകരെ നേരില്‍ കണ്ട് വിവരം ശേഖരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ അപേക്ഷയില്‍ യഥാസമയം നടപടി എടുക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ അനധികൃതമായി ഓഫീസില്‍ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസില്‍ എത്തുക തുടങ്ങിയ പ്രവണതകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയോഗിച്ച് നടന്നആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നത്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തില്‍ ചുരുങ്ങിയത് 2 തവണ എങ്കിലും പരിശോധന നടത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഉദ്യേഗസ്ഥര്‍ക്കെതിരെ സമയബന്ധിതമായി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപന ആഫീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം എത്തിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തുടര്‍ന്നും ഉണ്ടാവുന്നതാണ്.