തിരുവനന്തപുരം: എ ഐ ക്യാമറയുടെ വരവോടെ ഗതാഗതനിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 39,449 നിയമലംഘനങ്ങളാണ് ഇന്ന് വൈകീട്ട് അഞ്ച് മണിവരെ എഐ ക്യാമറയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇത് 49,317 ആയിരുന്നു. കുറഞ്ഞത് 9868 കേസുകളാണ്. ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം റിപ്പോർട്ട് ചെയ്തത്. ഇന്ന് 7390 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.
എന്നാൽ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. നോട്ടീസ് അയക്കാന്‍ രണ്ട് ദിവസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാല്‍ പരിവാഹന്‍ സോഫ്റ്റുവറിലേക്ക് അയക്കും.
നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റിന്റെ കീഴിലുള്ള സോഫ്റ്റുവെയര്‍ വഴിയാണ് വാഹന ഉടമക്ക് എസ്എംഎസ് അയക്കുന്നതും ചെല്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം. ഒരു ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്.
പക്ഷെ സംശയമുള്ളവരിൽ നോട്ടീസ് അയക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളില്‍ ചില പൊരുത്തകേടുകളുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിക്കുമെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. മാത്രമല്ല ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ കണക്കും കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നതിലും കാലതാമസമുണ്ടാകുന്നുണ്ട്.