തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അഴിമതി തടയാനായി പുതിയ നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ പുറത്തിറക്കി കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ലഭിക്കുന്ന പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടൽ പരാതികള്‍ അറിയിക്കുന്നതിനായി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്സ് ഇന്ററാക്ടീവ് നിര്‍ദ്ദേശപ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് ഡയല്‍ ചെയ്താല്‍ സംശയ നിവാരണത്തിനും രണ്ട് ഡയല്‍ ചെയ്താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റര്‍ ചെയ്യാനാകും.