തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല പട്ടയമേളയും ആദിവാസി വിഭാഗങ്ങൾക്കുള്ള വനാവകാശരേഖ വിതരണത്തിന്റെ ഉദ്ഘാടനവും ജൂൺ 15 ന് നടക്കും. പാലോട് നന്ദിയോട് ഗ്രീൻ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും.
മന്ത്രിമാരായ ജി. ആർ അനിൽ, ആന്റണി രാജു, കെ. രാധാകൃഷ്ണൻ, എംപിമാരായ അടൂർ പ്രകാശ്, ശശി തരൂർ, ഡി.കെ മുരളി എംഎൽഎ, എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. റവന്യൂ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ 404 കുടുംബങ്ങൾക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങൾക്ക് വനാവകാശ രേഖയും ഉൾപ്പെടെ 1795 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 27 വനാവകാശങ്ങൾ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവർക്ക് അമ്പലപൂജയ്ക്കും മീൻ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകൾ, ഈറ്റ, ഔഷധസസ്യങ്ങൾ, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിക്കും.