തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതിനെക്കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ കൂടുതലാണ്. അതുകൊണ്ടാണ് അവയുടെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി കുറച്ചതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. വേഗ പരിധി കുറച്ചുകൊണ്ട് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം റോഡുകളിൽ വേഗപരിധി ബോർഡുകൾ പ്രദർശിപ്പിക്കും. അടുത്തയാഴ്ച ഇതിനായുളള യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഇത് ദേശീയ വിജ്ഞാപവത്തിനോടു ചേർന്നു നിൽക്കുന്ന തീരുമാനമാണെന്നും ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രമേ മാറ്റം വരുത്തൂവെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ഈ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് വേഗ പരിധി പുനർനിർണയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.