തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 19 മുതൽ 22 വരെ HEIGHTS 2023 എന്ന പേരിൽ റിസർച്ചേഴ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ആദ്യമായാണ് സർവകലാശാലയിൽ ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
സർവ്വകലാശാല ഗവേഷണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഫെസ്റ്റിന്റെ ഉദ്ഘാടനം 19 ന് (തിങ്കളാഴ്ച) വൈകിട്ട് 4.30യ്ക്ക് ലോകപ്രശസ്തശാസ്ത്രജ്ഞ ഡോ. ടെസി തോമസ് കാര്യവട്ടം ക്യാമ്പസിൽ വച്ച് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കന്നുമ്മേൽ അദ്ധ്യക്ഷനാകും. പ്രമുഖശാസ്ത്രഗവേഷകൻ പദ്മഭൂഷൻ പ്രൊഫ. പി.ബലറാം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) ഗോപിനാഥ് രവീന്ദ്രൻ, തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തും.
ജൂൺ 22 നു നടക്കുന്ന സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പദ്മശ്രീ ചെറുവയൽ രാമൻ വിശിഷ്ടാതിഥിയാകും. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കന്നുമ്മേൽ അദ്ധ്യക്ഷനാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.(ഡോ.) രാജൻ ഗുരുക്കൾ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കേരളസർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ.(ഡോ.)വി. പി. മഹാദേവൻപിള്ള ആശംസ പറയും.
ഫെസ്റ്റിനോടനുബന്ധിച്ച് 19 മുതൽ 26 വരെ ഒരാഴ്ച നീണ്ടുനില്ക്കുന്ന പുസ്തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം 19 ന് രാവിലെ 10 മണിക്ക് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നാല്പതോളം പ്രസാധാകരുടെ സ്റ്റാളുകൾ പുസ്തകോത്സവത്തിലുണ്ട്.
ഇതോടൊപ്പം 19 ന് രാവിലെ 10.30 ന് R&D Exhibition എ. എ. റഹീം എം. പി. ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ആർമി, ഇന്ത്യൻ എയർ ഫോഴ്സ്, വി. എസ്. എസ്. സി, സംസ്ഥാന പുരാവസ്തു വകുപ്പ്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചരിത്രഗവേഷണ കൌൺസിൽ, ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്മെന്റ്, കേരള ചലച്ചിത്ര അക്കാദമി, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള ഇരുപതോളം സ്ഥാപനങ്ങളുടെ പ്രദർശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
11.30 ന് ഹയർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഐ.എ.എസ്. ‘റിസേർച്ച് ഗാലറി’ ഉദ്ഘാനം ചെയ്യും. സർവ്വകലാശാലയുടെ ഗവേഷണമേഖലകളുടെയും നേട്ടങ്ങളുടെയും പ്രദർശനമാണ് ഈ ഗാലറിയിലുള്ളത്. 4.30 ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം 7 മണിക്ക് വിഖ്യാതഗസൽ ഗായകൻ ഷഹബാസ് അമന്റെ ഗസൽസന്ധ്യ ‘ഷഹബാസ് പാടുന്നു’ എന്നപേരിൽ മുഖ്യവേദിയിൽ അരങ്ങേറും.
എല്ലാദിവസവും പഠനവകുപ്പുകൾ കേന്ദ്രീകരിച്ചു ഗവേഷണഫലങ്ങളുടെ പ്രദർശനവും അക്കാദമിക് സംവാദങ്ങളും പ്രഭാഷണങ്ങളും ഉൾപ്പടെയുള്ള വിവിധപരിപാടികളും, പൊതുവേദിയിൽ വിവിധഗവേഷണമേഖലകളെ അധികരിച്ചു സർവ്വകലാശാലാ അദ്ധ്യാപകരുടെ പ്രഭാഷണങ്ങളും ഗവേഷകരുടെ ഗവേഷണാനുഭവങ്ങൾ പങ്കുവയ്ക്കലും ഉണ്ടായിരിക്കും.
കോളേജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും കൂടാതെ പൊതു ജനങ്ങൾക്കും ഫെസ്റ്റുകളിൽ പ്രവേശനം ഉണ്ടായിരിക്കും. പുസ്തകോത്സവം ഇരുപത്തി അഞ്ചാം തീയതിയാണ് സമാപിക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് പുസ്തകപ്രകാശനം സംവാദങ്ങൾ എന്നിവയുണ്ടായിരിക്കും.