തിരുവനന്തപുരം: തെലങ്കാനയില്‍ നിന്ന് വിമാനത്തില്‍ കേരളത്തിലെത്തി മോഷണം നടത്തി തിരിച്ചുപോകുന്ന കള്ളന്‍ പിടിയില്‍. ആന്ധ്രയിലെ ഖമ്മം സ്വദേശി സമ്പതി ഉമ പ്രസാദ് (32)നെയാണ് ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസ് ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തെ മൂന്ന് മോഷണ കേസുകളില്‍ ഉമാ പ്രസാദ് പ്രതിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഏറെ നാളായി തലസ്ഥാനത്തെ പൊലീസിനെ വലയ്ക്കുന്ന പ്രതിയെ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. തലസ്ഥാനത്ത് പേട്ടയിലെ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആന്ധ്രയിലടക്കം പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. തെലുങ്കാനയിലെ പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട്ടൈം ദീവനക്കാരനാണ് ഉമാ പ്രസാദ്.
തെലുങ്കാനയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നായിരുന്നു മോഷണം. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പകല്‍ കറങ്ങി നടന്ന് ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്ന വീടുകള്‍ നിരീക്ഷിക്കും. രാത്രിയാണ് മോഷണം. സ്വര്‍ണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. സ്വര്‍ണം ആന്ധ്രയിലെ സ്ഥാപനങ്ങളില്‍ പണയം വയ്ക്കും. മോഷണം നടത്തിയ ശേഷം തെളിവുകള്‍ ബാക്കിവയ്ക്കാതെ വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് പ്രതിയുടെ രീതി. വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഓഫ് ചെയ്തശേഷം സ്റ്റോര്‍ ചെയ്യുന്ന ബോക്‌സും കൊണ്ടുപോകുന്നതായിരുന്ന പതിവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.
മേയ് 28ന് ഉമ പ്രസാദ് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രവും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പിന്നീട് ജൂണ്‍ രണ്ടിന് തിരിച്ചെത്തി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുപോയി. വീണ്ടും ആറാം തീയതി തിരിച്ചെത്തി ഫോര്‍ട്ട്, പേട്ട സ്റ്റേഷന്‍ പരിധികളില്‍ മൂന്നു മോഷണങ്ങള്‍ നടത്തി. ജൂലൈ ഒന്നിന് വീണ്ടും ആന്ധ്രയിലേക്ക് മടങ്ങി.
മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍, പ്രതി യാത്ര ചെയ്ത ഒരു ഓട്ടോയുടെ ഡ്രൈവറിലേക്കെത്താന്‍ പൊലീസിനു സാധിച്ചതാണ് വഴിത്തിരിവായത്. പ്രതിയെ കൊണ്ടുവിട്ട ഹോട്ടല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പൊലീസിനു പറഞ്ഞു കൊടുത്തു. ഇതോടെ, മോഷ്ടാവിന്റെ പേരും മേല്‍വിലാസവും ഹോട്ടല്‍ രേഖകളില്‍നിന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, മോഷ്ടാവ് കേരളത്തിലേക്കു തിരിച്ചുവരാനുള്ള തയാറെടുപ്പിലാണെന്ന് മനസിലായി. ജൂലൈ അഞ്ചിന് പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് ഇയാള്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഹോട്ടല്‍ ജീവനക്കാരും അന്വേഷണവുമായി സഹകരിച്ചെന്നും കമ്മിഷണര്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ഓട്ടോ തൊഴിലാളികള്‍ പാരിതോഷികം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.