തിരുവനന്തപുരം: കടുത്ത സ്‌ട്രോക്കിനെത്തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന്, വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട 74 വയസ്സുകാരനിൽ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജിയർ വിജയകരം. സങ്കീർണമായ കരോട്ടിഡ് റീവാസ്കുലറൈസേഷൻ പ്രൊസീജിയറാണ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെയാണ് സ്‌റ്റെന്റുകളുടെ സഹായത്തോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചത്.
ശരീരത്തിന്റെ ഇടതുവശം തളർന്ന നിലയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് ഒരു മാസത്തിനിടെ മറ്റൊരു സ്ട്രോക്ക് ഉണ്ടാവുകയും വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. എംആർഐ സ്കാനിങ്ങിലാണ് രക്തയോട്ടം നിലച്ച നിലയിൽ തലച്ചോറിലേക്കുള്ള രക്തധമനിയിൽ പത്ത് സെന്റിമീറ്റർ നീളത്തിൽ അടഞ്ഞിരുന്ന രക്തക്കട്ടകൾ കണ്ടെത്തുന്നത്. തുടർന്ന് രക്തധമനിക്കുള്ളിൽ നടത്തിയ വിശദമായ ഡിജിറ്റൽ സബ്‌ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡിഎസ്എ) പരിശോധനയിൽ, കഴുത്ത് മുതൽ തലച്ചോറിനുള്ളിലേക്ക് രക്തമെത്തുന്ന ഭാഗം വരെ പൂർണ്ണമായി അടഞ്ഞതായി കണ്ടെത്തുകയും അടിയന്തരമായി പ്രൊസീജിയറിന് വിധേയമാക്കുകയുമായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട് നിന്ന് പ്രൊസീജിയറിൽ, ബൈപ്ലെയ്ൻ ഡിഎസ്എ മെഷീന്റെ സഹായത്തോടെ രക്തധമനിക്കുള്ളിലൂടെ ട്യൂബ് രൂപത്തിലുള്ള മൈക്രോ കത്തീറ്റർ കടത്തി വിട്ട് അടഞ്ഞിരുന്ന ബ്ലോക്ക് നീക്കം ചെയ്യുകയും ഗൈഡ് വയർ ഉപയോഗിച്ച് ഓവർലാപ്പിംഗ് സ്റ്റെന്റുകൾ സ്ഥാപിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കുകയായിരുന്നു.
ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജയന്ത് ആർ ശേഷൻ എന്നിവരും ഈ സങ്കീർണ്ണ പ്രൊസീജിയറിന്റെ ഭാഗമായി.
“ഹൈപ്പർടെൻഷനാണ് പലപ്പോഴും ഇത്തരത്തിലുള്ള ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്, മാത്രമല്ല ഇത്രയും വ്യാപ്തിയിൽ രക്തക്കട്ടകൾ നിറഞ്ഞിരിക്കുന്നത് അപൂർവ്വമായി മാത്രമേ വീണ്ടും തുറക്കാറുള്ളൂ. വീണ്ടും ഉണ്ടായേക്കാവുന്ന സ്ട്രോക്കും മരണസാധ്യതതയും കണക്കിലെടുത്താണ് ഈ പ്രൊസീജിയറിന് മുതിർന്നത്. പ്രൊസീജിയറിന്റെ വിജയത്തിൽ മെഡിക്കൽ സംഘത്തിന്റെ ഉയർന്ന വൈദഗ്ധ്യവും അതിനൂതന ബൈപ്ലെയ്ൻ ഡിഎസ്എ മെഷീനും സഹായകമായി”, ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. രോഗാവസ്ഥ പൂർണ്ണമായും ഭേദപ്പെട്ട് രോഗി ആശുപത്രി വിട്ടെന്നും ഈ സങ്കീർണ്ണമായ പ്രൊസീജിയർ പൂർത്തിയാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.