തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍. ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യമുന്നയിച്ചു. സര്‍ക്കാരിനെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. നിലവിൽ ഗതാഗത വകുപ്പിന്റെയും ചുമതല ബിജു പ്രഭാകറിനുണ്ട്. അതിനാൽ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു പ്രഭാകറിന്റെ ആവശ്യം.എന്നാൽ രാജി സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ജീവനക്കാര്‍ക്കു 20നു മുമ്പു ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസത്തെ ശമ്പള വിതരണം ധനവകുപ്പു പണം കൃത്യമായി അനുവദിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ശമ്പളത്തിനായി ധനവകുപ്പു നല്‍കുന്നത് 30 കോടിരൂപയാണ്. കഴിഞ്ഞ ദിവസം ആദ്യഗഡു മാത്രമാണ് നല്‍കാനായത്. സാധാരണ അഞ്ചാം തിയതിയാണ് ആദ്യഗഡു നല്‍കുന്നത്. ധനവകുപ്പു നല്കിയ പണം ആദ്യഗഡു നല്‍കാനേ തികയൂ എന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്നു വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരേ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവെന്നും ബിജുപ്രഭാകർ ആരോപിക്കുന്നു.