ഡൽഹി: രാഹുൽ ഗാന്ധിയുടെ ഹർജി വെള്ളിയാഴ്ച സുപ്രീകോടതി പരിഗണിക്കും ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് വെള്ളിയാഴ്ച പരിഗണിക്കുക. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തെ സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങി ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും.
അതേസമയം, ശിക്ഷ നടപ്പാക്കുന്നതു നേരത്തേ സെഷൻസ് കോടതി സ്റ്റേ ചെയ്തതിനാൽ രാഹുലിനു തൽക്കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. മജിസ്ട്രേട്ട് കോടതി വിധി അപ്പാടെ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന അപ്പീൽ ഇപ്പോഴും സെഷൻ കോടതിയുടെ പരിഗണനയിലാണ്.