മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്. ഔപചാരികതകൾക്കുമപ്പുറം മനുഷ്യ സ്നേഹം തുളുമ്പുന്ന മനസ്സുള്ള വ്യക്തിയാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ അമ്പതാണ്ട് ആഘോഷിച്ച ഉമ്മൻചാണ്ടി. അടുത്തറിഞ്ഞിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രത്യേക നേതൃപാടവം എനിക്ക് നേരിൽ മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. എം.എൽ.എ, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹം നടത്തിയിരുന്ന ജനങ്ങളുമായുള്ള ഇടപെടലുകളിലും ക്രിയാത്മക പ്രവർത്തനങ്ങളിലും ഭാഗമാകുവാനും എനിക്കിടവന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ട്രാവൽ ടൂറിസം മേഖലയിൽ പ്രവർത്തനമാരംഭിച്ച എനിക്കും എന്റെ പ്രസ്ഥാനത്തിനും അദ്ദേഹം ഔദ്യോഗികമായും വ്യക്തിപരമായും പ്രോത്സാഹനങ്ങൾ തന്നു സഹായിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലുള്ള ഞങ്ങളുടെ സേവന പ്രവർത്തനങ്ങളിൽ എന്നെയും എന്റെ ജ്യേഷ്ഠ സഹോദരന്മാരായ ഡോ. സഹദുള്ളയേയും ഇക്ബാലിനെയും അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത് നന്ദിപൂർവ്വം ഓർക്കുന്നു.
കിംസിന്റെ കോട്ടയത്തെ ആശുപത്രി ഉദ്ഘാടനം ചെയ്തതും തിരുവനന്തപുരത്തെ കിംസ് ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ഉമ്മൻചാണ്ടി തന്നെയായിരുന്നു. മറ്റുള്ളവരുടെ വേദനകളും ദു:ഖങ്ങളും മനസ്സിലാക്കി അശരണരെ പലപ്പോഴും ചികിത്സാ സഹായത്തിനായി അദ്ദേഹം ഞങ്ങളുടെയടുത്ത് അയക്കുമായിരുന്നു. സങ്കടങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്നവരുടെ ദുഃഖങ്ങൾ ഗ്രഹിച്ചു അവരെ സഹായിക്കുവാനുള്ള ആ പ്രവർത്തനങ്ങളിൽ നിറയെ സാധുക്കളെ സഹായിക്കാനുള്ള വ്യഗ്രതയായിരുന്നു.
വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തി കേരളത്തെ ഉയർത്തുന്നതിനുള്ള പല പദ്ധതികളിലും, ടൂറിസവുമായി ബന്ധമുള്ള സംഘടനയുടെ സാരഥി എന്ന നിലയിൽ എനിക്കും പ്രാതിനിധ്യം നൽകി പ്രോത്സാഹനം നൽകിയിട്ടുണ്ട്. ചിന്തിക്കുവാനും പകർത്തുവാനുമുള്ള പല അനുഭവങ്ങളും അദ്ദേഹത്തിൽ നിന്നുമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് വള്ളക്കടവിലെ യത്തീംഖാനയിൽ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ റംസാൻ സമാപ്തിയോടനുബന്ധിച്ചുള്ള ഒരു പരിപാടി ഉദ്ഘാടനം ചെയ്യുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടി എത്തി.
അദ്ദേഹം അവിടെ ചെലവഴിച്ച സമയം മറക്കാനാവാത്ത നല്ല ഓർമ്മയായി എന്റെ മനസ്സിലുണ്ട്. അനാഥ കുട്ടികൾക്കുള്ള പെരുന്നാൾ പുതുവസ്ത്രങ്ങളും റംസാൻ കിറ്റും വിതരണം ചെയ്ത മുഖ്യമന്ത്രി പ്രസംഗത്തിന് ശേഷം കുട്ടികളുമായി കുശലപ്രശ്നം നടത്തിയ ശേഷം കാറിൽ കയറാൻ തുടങ്ങുമ്പോൾ ഒരു സാധു സ്ത്രീ കുറെ കടലാസുകളുമായി കണ്ണീരോടെ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. അദ്ദേഹം അവരോടു കാര്യങ്ങൾ ആരാഞ്ഞു. രോഗിയാണ്, നിരാലംബയാണ്, സ്വന്തമായി ഒരിടമില്ല. കടലാസുകൾ വാങ്ങി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷയുടെ മാർജിനിൽ അദ്ദേഹം ബന്ധപ്പെട്ടവർക്കുള്ള നോട്ട് എഴുതി. ശേഷം അവരോട് സ്ഥലവും വീടും ലഭ്യമാക്കുവാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതരെ ചെന്നുകണ്ട് ആ കടലാസ് കൊടുക്കുവാനും നിർദ്ദേശിച്ചു. തടസ്സമുണ്ടെങ്കിൽ വീണ്ടും തന്നെ കാണാനും നിർദ്ദേശിച്ചു. അവരുടെ മേൽ വിലാസവും അദ്ദേഹം കുറിച്ചെടുത്തു. പിന്നീടു അദ്ദേഹം യാത്രയായി. മാസങ്ങൾക്ക് ശേഷം അന്വേഷിച്ചപ്പോൾ ഞാനറിഞ്ഞു, അവർക്കു സ്ഥലവും വീട് വെയ്ക്കുവാനുള്ള പണവും ലഭിച്ചു. അത്യാവശ്യ ഫർണീച്ചറുകൾക്കും അദ്ദേഹം ഏർപ്പാടാക്കി കൊടുത്തു.
തിരുവനന്തപുരം മുസ്ലീം അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ ഒരു പ്രധാന ആവശ്യവുമായി ഞാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമീപിക്കുകയുണ്ടായി. പാളയം പള്ളിയുടെ സമീപത്തുള്ള പോലീസ് വകുപ്പ് വക ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വർഷങ്ങളായി പെരുന്നാളിനു ഈദ് ഗാഹ് നടത്തി വന്നിരുന്നതു സ്റ്റേഡിയത്തിന്റെ നവീകരണത്തിനു ശേഷം തുടരാൻ കഴിഞ്ഞില്ല. പാരമ്പര്യം പരിഗണിച്ചു അതു അവിടെ തുടർന്നു നടത്താൻ അനുവദിക്കണമെന്നുള്ള ഞങ്ങളുടെ അപേക്ഷ പരിശോധിച്ച് അനുഭാവപൂർവ്വം പരിഗണിക്കാൻ അദ്ദേഹം കുറിപ്പെഴുതി പോലീസ് അധികൃതർക്കയച്ചു. പിന്നീടു ഡി.ജി.പി. അനുഭാവ പൂർണ്ണമായ തീരുമാനം തന്നെ സ്വീകരിച്ചു. ഈദ്ഗാഹ് അവിടെ നടത്തുവാൻ അദ്ദേഹം ഉത്തരവ് നൽകി.