ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി, മകൻ ഗൗതം സിഗമണി എംപി എന്നിവരുടെ പേരിലുള്ള 41.9 കോടി രൂപയുടെ സ്ഥിരനിക്ഷേപം എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് മരവിപ്പിച്ചു. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. തുടർച്ചയായി രണ്ടു ദിവസം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണു നടപടി.
പരിശോധനയിൽ 81.7 ലക്ഷം രൂപയുടെ നോട്ടുകൾ, 13 ലക്ഷം രൂപ മൂല്യമുള്ള ബ്രിട്ടിഷ് പൗണ്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിനുശേഷമാണ് 41.9 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചത്. 2011ൽ മന്ത്രിയായിരിക്കെ തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ഖനനലൈസൻസ് സ്വന്തമാക്കിയ പൊന്മുടി അനധികൃതമായി 2.64 ലക്ഷം രൂപയുടെ മണൽ ഖനനം ചെയ്തെന്നാണു കേസ്.
പൊന്മുടി വില്ലുപുരത്തെ തിരുക്കോയിലൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. സിഗമണി കള്ളക്കുറിച്ചിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. കഴിഞ്ഞദിവസം ഇരുവരുമായും ബന്ധപ്പെട്ട ഏഴു കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊന്മുടിയെയും സിഗമണിയെയും ഇന്നലെ പുലർച്ചെ മൂന്നിനാണു വീട്ടിലേക്കു മടങ്ങാൻ അനുവദിച്ചത്. ഇന്നലെ രാവിലെ വീണ്ടും ഇവരെ വിളിപ്പിച്ചു.