തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളില്‍ ഗവേഷണ താത്പര്യം വളര്‍ത്തുന്നതിനായി ഗ്ലോബല്‍ യംഗ് റിസര്‍ച്ചേഴ്‌സ് അക്കാദമി, സ്റ്റെം ഫോര്‍ ഗേള്‍സ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഗവേഷണ സമ്മേളനം നാളെയും മറ്റന്നാളും (ശനി, ഞായര്‍) കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സ്‌കൂള്‍ തല വിദ്യാര്‍ത്ഥി ഗവേഷകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറില്‍പ്പരം പേര്‍ പങ്കെടുക്കും. വിവിധ വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ മുഖ്യപ്രഭാഷണങ്ങള്‍, പ്ലീനറി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കണ്ടെത്തലുകളുടെ അവതരണം എന്നിവ നടക്കും.
ഇതിനുപുറമെ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും. സമ്മേളനം നാളെ (ശനി) രാവിലെ 10ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് പ്രതിനിധി ഡോ. പ്രവീണ്‍ വെമുല, സ്റ്റെം ഫോര്‍ ഗേള്‍സ് പ്രതിനിധി റെയ്‌ന റാഫി എന്നിവര്‍ പങ്കെടുക്കും.
ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഷൈല തോമസ് സ്വാഗതവും ഗ്ലോബല്‍ യംഗ് റിസര്‍ച്ചേഴ്‌സ് അക്കാദമി പ്രതിനിധി രഞ്ജിതാകൃഷ്ണ നന്ദിയും പറയും. 23ന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേശകനുമായ എം.സി ദത്തന്‍ മുഖ്യാതിഥിയാകും. ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കും. സെല്‍ഫ് ഇംപ്രൂവ്‌മെന്റ് ഹബ് ഡയറക്ടര്‍ ആന്റോ മൈക്കിള്‍, ഡോ.രഞ്ജു ജോസഫ്, റെയ്‌ന റാഫി തുടങ്ങിയവര്‍ പങ്കെടുക്കും.