തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത നിലനില്‍ക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 20-07-2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.