തിരുവനന്തപുരം: തുടർച്ചയായി രണ്ടാം ദിവസവും എയർ ഇന്ത്യ വിമാനങ്ങൾ വൈകി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എയർ ഇന്ത്യയെ പറ്റി വ്യാപകമായി പരാതി ഉയരുകയാണ്. ഈ ആരോപണം നിലനിൽക്കുമ്പോഴും വീണ്ടും വൻ വീഴ്ചയാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5 :30 യ്ക്ക് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ ഇത്രയും മണിക്കൂറുകൾ പിന്നിട്ടിട്ടും പുറപ്പെട്ടിട്ടില്ല. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ വിമാനം റദ്ദാക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 5:25 ന് പുറപ്പെടേണ്ട ബഹ്‌റൈൻ ( ix 537 ) എന്ന വിമാനവും 5:30 യ്ക്ക് പുറപ്പെടേണ്ട അബുദാബി ( ix 573) എന്ന വിമാനവുമാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ റദാക്കിയത്. ഏകദേശം 400 ഓളം യാത്രക്കാരാണ് വിമാനം റദ്ദു ചെയ്തതിനെ തുടർന്ന് വലഞ്ഞത്. ഇവരിൽ കൈക്കുഞ്ഞുമായി എത്തിയവരും പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഇവർ വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. എന്നാൽ വിമാനം വൈകിയതിനെ തുടർന്ന് ഇവർക്ക് ആവശ്യമായ ഭക്ഷണമോ താമസ സൗകര്യമോ ഒരുക്കാൻ ഉദ്യോഗസ്ഥർ ഒരുക്കമല്ല. മാത്രമല്ല വിമാനം റദ്ദു ചെയ്യാനുള്ള മതിയായ കാരണങ്ങളും ഉദ്യോഗസ്ഥർ പറയുന്നില്ല. ഇതേ തുടർന്ന് വിമാനത്താവളത്തിൽ സംഘർഷം നടക്കുകയാണ്.