തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്’ പദ്ധതിയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലേയും നെടുവേലി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലേയും വിദ്യാർത്ഥികളും അണിചേരും. കുട്ടികളിൽ കോഴിവളർത്തലിലെ താത്പര്യം വർധിപ്പിച്ച,് കോഴിവളർത്തൽ രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളും ഒരു കിലോ തീറ്റയും മരുന്നും സൗജന്യമായി പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.
കുട്ടികളിൽ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വർധിപ്പിക്കുന്നതിനും കോഴിമുട്ട ഉത്പാദനത്തിലൂടെ ഭക്ഷണത്തിൽ കുട്ടികൾക്കാവശ്യമായ മുട്ടയുടെ ലഭ്യത ഉറപ്പാക്കി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതിന് വളരെയധികം ശ്രദ്ധ സർക്കാർ നൽകുന്നുണ്ടെന്നും പഠനേതര പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകുന്ന കാലഘട്ടമാണിതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്കായി കെപ്‌കോ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി’ അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇരു സ്‌കൂളുകളിലേയും 656 വിദ്യാർത്ഥികൾക്കാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഒരു വിദ്യാർത്ഥിക്ക് 850 രൂപയുടെ ആനുകൂല്യങ്ങളാണ് കെപ്‌കോ പദ്ധതിയിലൂടെ സൗജന്യമായി നൽകുന്നത്. 5,57,600 രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്.
കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ക്രമേണ കുറച്ച് ഇവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് കെപ്‌കോ ലക്ഷ്യമിടുന്നത്. കെപ്‌കോ ചെയർമാൻ പി.കെ മൂർത്തി അധ്യക്ഷനായ ചടങ്ങിൽ മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചയത്തംഗങ്ങൾ, പ്രധാനാധ്യാപകർ, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.