കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതോടെ 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം വരും ദിനങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദ്ദേശിച്ചിട്ടുള്ളത്. മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചിട്ടുള്ളത്.
കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ജൂലൈ 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.