തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ് വള്ളം മറിഞ്ഞ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിനെ മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് രക്ഷിച്ചത്.
അതേസമയം, മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.