തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കൽ ഫോറം, ഫ്രീഡം ഫെസ്റ്റ് 2023-ൻറെ ഭാഗമായി വിവിധ കമ്പനികളിലെ ഐ.ടി ജീവനക്കാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ശിൽപ്പശാല നടത്തി. ടെക്നോപാർക്കിലെ ജീവനക്കാർക്കായി നടത്തി വരുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ നൂറ്റിപ്പതാമത് എഡിഷൻ ആയിട്ടാണ് ഈ ശിൽപ്പശാല നടത്തിയത്. ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെയുണ്ടായിരുന്ന ശില്പശാലയ്ക്ക് എക്‌സ പ്രോട്ടോകോൾ ബെംഗളൂരുവിലെ ചീഫ് ഓഫ് റിസർച്ച് ആയിട്ടുള്ള ഉഷ രംഗരാജു നേതൃത്വം നൽകി. ഉത്‌ഘാടന കർമം നിർവഹിച്ച കൈറ്റ് സി.ഇ.ഒ അൻവർ സാദത് ഫ്രീഡം ഫെസ്റ്റിന്റെ വിവിധ പരിപാടികൾ വിശദീകരിക്കുകയും ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ജനറേറ്റീവ് എ ഐ,നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലാംഗ്വേജ് എന്നീ വിഷയങ്ങൾ ജീവനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക രംഗത്ത് ടെക്‌നോപാർക്കിലെ ജീവനക്കാരെ പ്രാവീണ്യമുള്ളവരാക്കി അവരെ ഈ രംഗത്ത് കൂടുതൽ പ്രവർത്തന മികവുള്ളവരാക്കുക എന്ന ലക്ഷ്യമാണ് ഈ ശില്പശാല മുന്നോട്ടു വച്ചത്.
എ.ഐ സാധ്യതകളും പ്രയോജനങ്ങളുമാണ് പ്രധാനമായും കൈകാര്യം ചെയ്ത ഈ ശില്പശാല ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി എക്സിലിജൻസ് ടെക്നോളജീസിന്റെ സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത്. ശില്പശാലയിൽ ടെക്നോപാർക്കിലെ 70 കമ്പനികളിൽ നിന്നും 131 ഐ ടി ജീവനക്കാർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ബിബിൻ വാസുദേവൻ സ്വാഗതവും രാഹുൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. അനീഷ് സലിം പ്രതിധ്വനിക്കു വേണ്ടി ഉപഹാരം കൈമാറി.