ഡൽഹി: ഹരിയാനയിൽ കലാപം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്ക്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ ഇവർ സഞ്ചരിച്ച കാറിന് ആൾക്കൂട്ടം തീയിടുകയും കല്ലെറിയുകയും വെടിവെക്കുകയുമായിരുന്നു. സംഭവത്തിൽ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് തിങ്കളാഴ്ചയാണ്.
അക്രമണത്തിനിരയായത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അഞ്ജലി ജെയിനും മകളുമാണ്. സംഘർഷത്തെ തുടർന്ന് ജഡ്ജിയും മകളും ജീവനക്കാരനും നുഹിലെ പഴയ ബസ് സ്റ്റാൻഡിലെ വർക്ക്ഷോപ്പിൽ അഭയം തേടുകയായിരുന്നു. പിന്നീട് ഇവരെ ചില അഭിഭാഷകരാണ് രക്ഷിച്ചത്. നൂഹിലെ എസിജെഎം കോടതിയിൽ പ്രോസസർ സെർവറായി പ്രവർത്തിക്കുന്ന ടെക് ചന്ദിന്റെ പരാതിയിലാണ് അജ്ഞാതർക്കെതിരെ എഫ്‌ഐആർ കേസ് രജിസ്റ്റർ ചെയ്തത്.