കൊച്ചി: നടൻ ബാലയ്‌ക്കെതിരേ കേസ്. റോസ്റ്റിങ് എന്ന പേരിൽ നിരന്തരം സെലിബ്രിറ്റികളെ പരിഹസിച്ചും അവഹേളിച്ചും യൂട്യൂബ് വീഡിയോകൾ ചെയ്തു വരുന്ന ‘ചെകുത്താൻ’ എന്നയാളെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. അജു അലക്സ് എന്നാണ് ‘ചെകുത്താന്‍റെ’ യഥാർഥ പേര്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.
ബാല തന്‍റെ ഫ്ളാറ്റിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് ‘ചെകുത്താൻ’ പറയുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു.
മോഹൻലാലിനെക്കുറിച്ച് അവഹേളനപരമായി സംസാരിച്ചതിന് മുൻ ലാൽ ഫാനായ ആറാട്ടണ്ണനെക്കൊണ്ട് ബാല മാപ്പ് പറയിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ റോസ്റ്റ് ചെയ്ത് ‘ചെകുത്താൻ’ ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു. ബാലയെ പ്രകോപിപ്പിച്ചത് ഈ വീഡിയോ ആണെന്നാണ് അജു പറയുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ബാലയും തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്‍റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്.