ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ദേശീയ അധ്യക്ഷയായി അഡ്വക്കേറ്റ് യു. വഹീദക്ക് നിയമനം. പത്തുവർഷത്തിലേറെയായി അഭിഭാഷകയായി സേവനം ചെയ്യുന്ന വഹീദ നിലവിൽ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ ഉപാധ്യക്ഷയുമാണ്.
വിദേശ രാജ്യങ്ങളിലേക്കും മറ്റും മനുഷ്യക്കടത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്‌ത്രീകളെ നിയമപരമായി ശാക്തീകരിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ അഡ്വക്കേറ്റ് വഹീദയുടെ നിയമനം സഹായകരമാവുമെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി ഓൺ റെക്കോർഡുമായ അഡ്വക്കേറ്റ് ജോസ് എബ്രഹാം പറഞ്ഞു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ദശാബ്ദത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ. അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്.