തിരുവനന്തപുരം: വോട്ട് ഭിന്നശേഷിക്കാരുടെയും അവകാശമാണെന്ന് തെളിയിക്കുന്നതായിരുന്നു ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇന്ന് നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പിലൂടെ. ജീവിതത്തിലാദ്യമായി സമ്മതിദാനാവകാശം നിര്‍വഹിച്ചതിന്റെ ആവേശത്തിലാണ് സെന്ററിലെ ഓരോ ഭിന്നശേഷിക്കാരനും. ചൂണ്ടുവിരലില്‍ മഷിപുരട്ടി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, ആഹ്ലാദാരവത്തോടെയാണ് പോളിംഗ് ബൂത്തില്‍ നിന്നും മുന്നൂറില്‍പ്പരം ഭിന്നശേഷിക്കാര്‍ പുറത്തുവന്നത്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തിരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസ്സിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച മാതൃകാ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ആദ്യ വോട്ടര്‍മാരുടെ വേഷത്തില്‍ ഭിന്നശേഷിക്കാര്‍ തിളങ്ങിയത്.
തിരഞ്ഞെടുപ്പിന്റെ ഗൗരവസ്വഭാവം കൈവിടാതെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടേഴ്‌സ് സ്ലിപ്പുമായി പോളിംഗ് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം രജിസ്റ്ററില്‍ ഒപ്പിട്ട് ചൂണ്ടുവിരലില്‍ മഷിപുരട്ടിയ ശേഷമാണ് ഓരോരുത്തരും വോട്ട് ചെയ്തത്. ബൂത്ത് ഏജന്റുമാരായി അമൃത.എസ്, ലിസാന്‍, അമല്‍.ബി എന്നീ ഭിന്നശേഷിക്കാരും പോളിംഗ് ഓഫീസര്‍മാരായി സെന്ററിലെ അദ്ധ്യാപകരായ ബിന്ദു, ഗോപിക, കാര്‍ത്തിക് എന്നിവരുമുണ്ടായിരുന്നു.
മേരിക്കുട്ടിയായിരുന്നു വരണാധികാരി. വോട്ട് ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു. ദീപക് ബെന്നി, അരുണിമ പി.എസ്, അപര്‍ണ സുരേഷ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ഹസ്‌ന.എന്‍, അഭിനന്ദ്.എ, അഭിരാജ് എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുമാണ് മത്സരിച്ചത്. നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാണ് മത്സരരംഗത്തേയ്ക്ക് ഇവര്‍ വന്നത്. എംപവര്‍ ഡെമോക്രസി പാര്‍ട്ടി പട്ടം ചിഹ്നത്തിലും പ്രോഗ്രസീവ് വിഷന്‍ ലീഗ് പാര്‍ട്ടി നക്ഷത്രം ചിഹ്നത്തിലും എബിലിറ്റി അച്ചീവേഴ്സ് കോണ്‍ഗ്രസ് പാര്‍ട്ടി ചിത്രശലഭം ചിഹ്നത്തിലുമാണ് മത്സരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാനാര്‍ത്ഥികളുടെ പ്രകടനവും പ്രചാരണവും കൊട്ടിക്കലാശവുമൊക്കെ തിരഞ്ഞെടുപ്പിന്റെ അതേ ഗൗരവസ്വഭാവത്തില്‍ തന്നെ ഇവിടെ നടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി നിര്‍വഹിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബോധവത്കരണ പരിപാടി നടക്കുന്നതെന്നും ഏറ്റവും മനോഹരവും മൂല്യമേറിയതുമായി തന്നെ ഈ തിരഞ്ഞെടുപ്പ് നടത്തുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഉദ്ഘാടനത്തിനിടെ ഷര്‍മിള.സി പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.എം ജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചടങ്ങില്‍ സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രയിനര്‍ അനൂപ് എം.ആര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുത്തു. അനൂപ് എം.ആര്‍ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസിനും കളക്ടറേറ്റിലെയും ഇലക്ട്രറല്‍ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വോട്ടിംഗിനും നേതൃത്വം നല്‍കി.
ഫല പ്രഖ്യാപനം നാളെ (വെള്ളി) നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.