തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 30 കോടി രൂപ ചെലവില്‍ പുതിയ വാണിജ്യ കെട്ടിടം ഒരുങ്ങുന്നു. ഫെയ്‌സ് വണ്ണില്‍ 50,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി ഒരുങ്ങുന്ന കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിങ്ങും ഭൂമി പൂജയും നടത്തി. നൂറു ശതമാനം ഇലക്ട്രിസിറ്റി ഡി.ജി ബാക്കപ്പും എച്ച്.വി.എ.സി, ഫയര്‍ പ്രൊട്ടക്ഷനും, ഇന്റഗ്രേറ്റഡ് ബില്‍ഡിങ്ങ് മാനേജ്‌മെന്റ് സിസ്റ്റവും (ഐ.ബി.എം.എസ്), സോളാര്‍ പവര്‍ പാനലുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടെ ഒരുക്കുന്ന കെട്ടിടത്തിന്റെ ഡിസൈനും നിര്‍മാണ മേല്‍നോട്ട ചുമതലയും ടെക്‌നോപാര്‍ക്ക് എന്‍ജിനിയറിങ്ങ് വിഭാഗമാണ് നിര്‍വഹിക്കുന്നത്. സിവില്‍ വര്‍ക്കുകളുടെ ചുമതല തിരുവനന്തപുരം ക്രസന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ്. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണില്‍ നടന്ന ചടങ്ങില്‍ ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), സി.എഫ്.ഒ ജയന്തി എല്‍, ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍, മാനേജര്‍ (സിവില്‍) രാഹുല്‍ തമ്പി, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ മധു ജനാര്‍ദ്ധനന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റസ്റ്റോറന്റുകള്‍, ബാങ്ക്, മറ്റ് കടകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നല്ല വാണിജ്യഅന്തരീക്ഷം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിനുള്ളില്‍ ഐ.ടി വര്‍ക്ക് സ്‌പെയ്‌സിനുള്ള ആവശ്യകത പരിഗണിച്ച് ഐ.ടി വര്‍ക്ക് സ്‌പെയ്‌സിനും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍മാണത്തിന്റെ രൂപകല്‍പ്പന ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.