തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായശേഷം പരോളിലിറങ്ങി വീണ്ടും അതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ജയിൽച്ചട്ടങ്ങളിൽ ഭേദഗതി.
നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും നൽകി തുടങ്ങിയത്.
അതേസമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വർധനയ്‌ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതേ തുടർന്നാണ് കണക്കിലെടുത്താണ് ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് തീരും വരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.
മാത്രമല്ല ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്.