കഴക്കൂട്ടം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കർഷകദിനാഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ കൃഷി ഭവനുകളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. തിരുവനന്തപുരം നഗരസഭയും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളിൽ കർഷകരെ ആദരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്നും പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും എം.എൽ.എ പറഞ്ഞു. കേരളത്തിൽ കാർഷിക ഉൽപാദനത്തിന്റെ തോത് വർധിച്ചു. പ്രത്യേകിച്ച് പച്ചക്കറി ഉൽപാദനത്തിൽ വലിയ നേട്ടമാണ് സംസ്ഥാനത്തിന് കൈവരിക്കാൻ കഴിഞ്ഞതെന്നും കർഷകർ എല്ലായ്‌പ്പോഴും ആദരിക്കപ്പെടേണ്ട വിഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ കടകംപള്ളി, കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര, ഉള്ളൂർ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് കർഷകദിനം സംഘടിപ്പിച്ചത്.
മികച്ച മുതിർന്ന കർഷകൻ/കർഷക, മികച്ച ജൈവ കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ, പട്ടികജാതി വിഭാഗത്തിലെ മികച്ച കർഷക, സമ്മിശ്ര കർഷകൻ, മട്ടുപ്പാവ് കൃഷി, യുവ കർഷകൻ, ക്ഷീര കർഷകൻ, ഉത്തമ കർഷക കുടുംബം, കൂൺ കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
അഞ്ച് കൃഷി ഭവനുകളിലും നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർമാർ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി ഓഫീസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.