തിരുവനന്തപുരം: ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ ഡിഫറന്റ് ആര്‍ട്സ് സെന്ററില്‍ ക്ലിക് പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടുന്നതിനായി വിദഗ്ദ്ധപരിശീലനം നല്‍കുന്ന പദ്ധതിയാണ് ക്ലിക്. ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ സന്ദര്‍ശിക്കുന്നവരുടെ ചിത്രങ്ങളെടുത്ത് പ്രിന്റ് ചെയ്ത് നല്‍കി അതിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കുട്ടികള്‍ക്ക് സാധ്യമാക്കുന്നതിനായാണ് ക്ലിക് പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതി പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജ് ഉദ്ഘാടനം ചെയ്തു. ക്യാമറ കൈകാര്യം ചെയ്യുന്നവിധം, വിവിധ ആംഗിളുകള്‍ തുടങ്ങിയവ മധുരാജ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കാഴ്ചയെക്കാള്‍ മനോഹരമാവണം ഓരോ ക്ലിക്കും. ചിത്രങ്ങള്‍ ഓരോന്നും വിശദീകരിക്കുവാന്‍ കഴിവുള്ളവയായിരിക്കണമെന്ന് മധുരാജ് ചടങ്ങില്‍ കുട്ടികളോട് പറഞ്ഞു.
മധുരാജിന്റെ ഫോട്ടോകളിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ആഴവും വ്യാപ്തിയും ലോകജനത തിരിച്ചറിയുന്നത്. ആ ചിത്രങ്ങള്‍ സൃഷ്ടിച്ച ചലനമാണ് ഈ വിഷയം പൊതുജനമദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള വഴിയൊരുക്കിയത്. അറിയപ്പെടാതിരുന്ന ഒരു പൊതുസംഭവത്തെ വെളിച്ചംകാണിക്കുവാന്‍ കാരണക്കാരനായ മധുരാജാണ് പുതിയ പദ്ധതിക്ക് തിരിതെളിക്കാന്‍ ഏറ്റവും അനുയോജ്യനെന്ന് ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ചടങ്ങില്‍ ഡി.എ.സി മാനേജര്‍ സുനില്‍രാജ് പങ്കെടുത്തു.