മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ- 25 തകർന്നു വീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ‘ലൂണ 25’ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ തകർന്നു വീണുവെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് സ്ഥിരീകരിച്ചു. നാളെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ലൂണ തകർന്നുവീണത്.
റഷ്യ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷമായിരുന്നു ലൂണ വിക്ഷേപിച്ചത്. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു ലൂണ – 25. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ 25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യ സ്ഥിരീകരിച്ചത്.