തിരുവനന്തപുരം:വാഹനത്തിൽ പായുമ്പോൾ റെഡ് സിഗ്നൽ ലംഘിച്ചാൽ ഇനി മുതൽ പിടിവീഴുന്നത് ഡ്രൈവിങ് ലൈസന്‍സിനാവും. മറ്റു യാത്രക്കാരെ അപകടത്തിലാക്കും വിധം അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിക്കുന്നു എന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്.
അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം, വാഹനങ്ങൾക്കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങൾ എന്നിവയ്ക്കായിരുന്നു മുൻപ് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാൽ, റെഡ് സിഗ്നൽ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിനും ഇനി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളിൽ 2017ലെ ചട്ടപ്രകാരം കർശനമായ നടപടികളെടുക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ക്യാമറകൾ വഴി പിടികൂടുന്ന ഇത്തരം കേസുകൾ കോടതി നേരിട്ടാവും പരിഗണിക്കുക. ഇവയ്ക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യൽ ഉൾപ്പെടെ കടുത്ത നടപടികളുണ്ടാകും. ഗാതാഗതനിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക്ക് കവലകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവർ പകർത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും എന്‍ഫോഴ്സ്മെന്‍റ് ആർടിഒമാർ നടപടിയെടുക്കുന്നത്.