തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം വിപണന മേള, പായസ മേള, ദീപാലങ്കാരം, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ, തിരുവാതിരക്കളി മത്സരം, അത്തപ്പൂക്കളമത്സരം, കുട്ടികൾക്കും മുതിർന്നവർക്കും കലാ കായികമത്സരങ്ങൾ, 80 വയസ്‌കഴിഞ്ഞ അമ്മമാർക്ക് ഓണക്കോടി വിതരണം, കർഷകരെ ആദരിക്കൽ എന്നിവ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ ഉണ്ടായിരിക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികൾ, റസിഡൻസ് അസോസിയേഷനുകൾ, ഫ്‌ളാറ്റ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, തൊഴിലാളി സംഘടനകൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചാണ് ഓണം ഫെസ്റ്റ് നടക്കുന്നത്. സമാപന സമ്മേളനം ആഗസ്റ്റ് 28 വൈകിട്ട് 6ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്ന ചടങ്ങിൽ ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി ജയന്ദ്രൻ, ചലച്ചിത്രതാരം മണിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, ശാസ്തമംഗലം വാർഡ് കൗൺസിലർ എസ്.മധുസൂദനൻ നായർ, വൈബ് ഓണം ഫെസ്റ്റ് ചെയർമാൻ ആർ.എസ് കിരൺദേവ്, സംഘാടകസമിതി അംഗങ്ങൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.