തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിര്‍മിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ സമാരംഭ പ്രഖ്യാപനം ശനിയാഴ്ച രാവിലെ 11.30ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്നത്.
കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ വാക്ക് ത്രൂ എം.എ യൂസഫലി പ്രകാശനം ചെയ്യും. ചടങ്ങില്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.
അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്പോര്‍ട്സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് പദ്ധതിയില്‍ ഉണ്ടാകും.