കഴക്കൂട്ടം: ഭാവനശേഷിക്ക് പരിമിതികളില്ലെന്ന് തെളിയിക്കുന്ന നിരവധി വിസ്മയ ചിത്രങ്ങളുമായി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ ‘ഫ്രെയിം’ ത്രിദ്വിന ചിത്ര പ്രദർശനത്തിന് റഷ്യൻ ഹൗസിൽ തുടക്കമായി. തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററും റഷ്യൻ ഹൗസും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ സ്വതസിദ്ധമായ ചിത്രരചനാപാടവംകൊണ്ട് സൃഷ്ടിച്ചെടുത്ത മേന്മയേറിയ ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യ ആകർഷണം.
നിറങ്ങളുടെ സവിശേഷതകൊണ്ടും പക്വതയേറിയ ആവിഷ്‌ക്കാര ശൈലികൊണ്ടും ഒന്നിനൊന്ന് മെച്ചമാവുകയാണ് ഓരോ ചിത്രവും. ഓട്ടിസം, സെറിബ്രൽപാഴ്സി, ഡൗൺ സിൻഡ്റോം, ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള കുട്ടികളാണ് ചിത്രങ്ങൾക്ക് പിന്നിൽ. ചിത്രപ്റദർശനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഭാവനശേഷി ഏവരെയും അമ്പരപ്പിക്കുന്നതാണെന്ന് തെളിയിക്കുകയാണ് ഈ ചിത്ര സൃഷ്ടികളിലൂടെയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജീവൻ തുളുമ്പുന്ന ഈ ചിത്രങ്ങൾക്ക് പൊതുസമൂഹത്തോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
കുട്ടികളുടെ ഭാവനശേഷിക്ക് അർഹിക്കുന്ന പ്രാധാന്യം ഡിഫറന്റ് ആർട് സെന്റർ നൽകുന്നുണ്ടെന്നും അതിന്റെ ഫലമാണ് ഈ പെയിന്റിംഗ് എക്സിബിഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കായി തത്സമയം ചിത്ര വരച്ചാണ് ആർട്ടിസ്റ്റ് ബി.ഡി ദത്തൻ ചടങ്ങിന് സവിശേഷ സാന്നിദ്ധ്യമായത്. റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ്.സി.നായർ അദ്ധ്യക്ഷത വഹിച്ചു. ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും മാനേജർ സുനിൽ രാജ് സി.കെ നന്ദിയും പറഞ്ഞു. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച സമാപിക്കും. പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. പ്രദർശനത്തോടനുബന്ധിച്ച് ചിത്രങ്ങളുടെ വിൽപ്പനയും ക്രമീകരിച്ചിട്ടുണ്ട്.